Sorry, you need to enable JavaScript to visit this website.

അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ടിൽനിന്നും പണം പിൻവലിച്ച ബാങ്ക് നഷ്ടപരിഹാരം നൽകണം

കൊച്ചി- അക്കൗണ്ട് ഹോൾഡർ അറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ച സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഉപഭോക്താവ് അറിയാതെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്ന് തവണകളായി ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് ബാങ്ക് പിൻവലിച്ചത്. ഈ തുകയ്ക്കുള്ള നഷ്ടപരിഹാരം എസ് ബി ഐ ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് ഡി.ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


2018 ഡിസംബർ 26,27 തീയതികളിൽ മൂന്ന് തവണകളായിട്ടാണ് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും ബാങ്ക് പണം തട്ടിയെടുത്തത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂവാറ്റുപുഴ പെഴക്കാപ്പിള്ളി ബ്രാഞ്ചിൽ അക്കൗണ്ടുള്ള മുവാറ്റുപുഴ സ്വദേശി ബി.എം സലീമിനാണ് ദുരനുഭവം ഉണ്ടായത്. സ്വന്തം ആവശ്യത്തിന് പണം പിൻവലിക്കുവാൻ മുളന്തുരുത്തിയിലെ എടിഎമ്മിൽ കയറിയപ്പോൾ ആണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഉടൻ തന്നെ ബാങ്കിനെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം അവിടെനിന്നും ലഭിക്കാത്ത സാഹചര്യത്തിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിച്ചു. ബാങ്കിംഗ് ഓംബുഡ്‌സ്മാൻ എൺപതിനായിരം രൂപ നൽകാൻ വിധിച്ചു. ലഭിക്കാനുള്ള എഴുപതിനായിരം രൂപയ്ക്കായാണ് ഉപഭോക്താവ് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.


ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കമ്മീഷൻ ഉപഭോക്താവിന് നൽകാനുള്ള എഴുപതിനായിരം രൂപയും കോടതി ചെലവായ പതിനയ്യായിരം രൂപയും മുപ്പതു ദിവസത്തിനുള്ളിൽ നൽകാൻ എസ്ബിഐക്ക് ഉത്തരവ് നൽകി.

Latest News